---
title: "അവസാന നാളിൽ....മോദിയും ഷായും എത്തി; വർഷകാല സമ്മേളനം അവസാനിച്ചതോടെ ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു, വിദ്യാർഥി പ്രക്ഷോഭ വിഷയത്തിൽ ചർച്ചയില്ല"
english_title: "Lok Sabha Adjourned Sine Die, Monsoon Session Ends Without Debate on Student Protests"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378283/ lok-sabha-monsoon-session-ends-amit-shah-rahul-gandhi"
published_at: "2026-08-13T12:07:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d66c0a4060_lok-sabha-monsoon-session-ends-amit-shah-rahul-gandhi.jpg"
keywords: ["Lok Sabha", "Monsoon Session", "Amit Shah", "Parliament", "Narendra Modi"]
---

# അവസാന നാളിൽ....മോദിയും ഷായും എത്തി; വർഷകാല സമ്മേളനം അവസാനിച്ചതോടെ ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു, വിദ്യാർഥി പ്രക്ഷോഭ വിഷയത്തിൽ ചർച്ചയില്ല

> **Lead Summary:** ന്യൂഡൽഹി: വർഷകാല സമ്മേളനം അവസാനിച്ചതോടെ ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. വിദ്യാർഥി പ്രക്ഷോഭത്തിന് നേരയുണ്ടായ അതിക്രമങ്ങളിൽ ഭയന്ന് ഒളിച്ചോടിയെന്ന് ആരോപിക്കപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ലോക്സഭയിൽ പ്രത്യക്ഷപ്പെട്ടു.

## Article Content

ന്യൂഡൽഹി: വർഷകാല സമ്മേളനം അവസാനിച്ചതോടെ ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. വിദ്യാർഥി പ്രക്ഷോഭത്തിന് നേരയുണ്ടായ അതിക്രമങ്ങളിൽ ഭയന്ന് ഒളിച്ചോടിയെന്ന് ആരോപിക്കപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ലോക്സഭയിൽ പ്രത്യക്ഷപ്പെട്ടു.

പ്രതിപക്ഷത്തിന്റെ ഏത്‌ ചോദ്യത്തിനും ഉത്തരമേകാൻ റെഡിയാണെന്നായിരുന്നു സഭയ്‌ക്ക്‌ പുറത്ത്‌ അമിത്‌ഷായുടെ വാദം. എന്നാൽ മറുപടികളില്ലാതെ അതേ മൗനം തുടരുകയായിരുന്നു അദ്ദേഹം എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. വർഷകാല സമ്മേളനം തുടങ്ങിയ ജൂലൈ 20 മുതൽ ഇരുസഭകളിലും ഷാ ഹാജരായിരുന്നില്ല എന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും സഭയിലെത്തിയിരുന്നു. വന്ദേമാതരം ആലപിച്ചാണ് സഭാ നടപടികൾ പൂർത്തിയാക്കിയത്. നീറ്റുൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളിൽ ദീർഘമായ ചർച്ചകൾക്ക് കേന്ദ്രം തയാറാണെന്ന് സമ്മതിച്ചിരുന്നെങ്കിലും വിഷയത്തിൽ യാതൊരു ചർച്ചയുമുണ്ടായില്ല എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

വന്ദേമാതരം ആലപിക്കുന്നതിനായി സഭയിൽ എഴുന്നേറ്റ് നിൽക്കണമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള അം​ഗങ്ങളോട് ആവശ്യപ്പെട്ടു. വന്ദേമാതരം ആലപിച്ച ശേഷം സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞതായി സ്പീക്കർ അറിയിക്കുകയായിരുന്നു.

ജന്തർമന്തറിലെ വിദ്യാർഥിവേട്ടയിൽ ചർച്ചയ്‌ക്ക്‌ തയ്യാറാണെന്ന്‌ അറിയിച്ച്‌ ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്‌ക്ക് അമിത്‌ ഷാ കത്ത്‌ നൽകിയിരുന്നു. എന്നാൽ, അമിത്‌ ഷായുടെ പ്രസംഗം കേൾക്കാൻ ആർക്കും താൽപര്യമില്ലെന്നും കൃത്യമായ ഉത്തരങ്ങളാണ്‌ ആവശ്യമെന്നും പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി പ്രതികരിച്ചു.

ജൂലൈ 20നാണ് പാർലമെന്റ് വർഷകാല സമ്മേളനം ആരംഭിച്ചത്. നീറ്റ് പേപ്പർ ചോർച്ചയും വിദ്യാർഥി പ്രക്ഷോഭവും അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയുമാണ് പ്രധാനമായും ഈ സമ്മേളനത്തിൽ പ്രതിപക്ഷം ഉന്നയിച്ചത്. എന്നാൽ എല്ലാത്തിനും കൃത്യമായ മറുപടികൾ നൽകുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും സാന്നിധ്യത്തിൽ ഈ വിഷയങ്ങൾ ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ മറുപടികൾ നൽകാതെ ചോദ്യങ്ങൾ ഭയന്ന് ഇരുവരും സഭയിലെത്താതെ ഒളിച്ചോടുകയായിരുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചു.അതേസമയം രാജ്യസഭയിൽ വിവിധ വിഷയങ്ങളിൽ ചർച്ച പുരോഗമിക്കുകയാണ്.

**English Summary:**

The Monsoon Session of Parliament concluded with Lok Sabha adjourned sine die. Home Minister Amit Shah appeared in Lok Sabha today after being absent since July 20, amid opposition protests over student unrest and NEET irregularities. Opposition Leader Rahul Gandhi said they wanted answers, not speeches. PM Narendra Modi was also present. The session ended with Vande Mataram. Key issues raised by the opposition included NEET paper leak, student protests, and Ayodhya temple donation allegations. Discussions on these issues remain pending in Rajya Sabha.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378283/ lok-sabha-monsoon-session-ends-amit-shah-rahul-gandhi)